2011, മേയ് 17, ചൊവ്വാഴ്ച

മഴയെ സ്നേഹിച്ച്............



വേനലില്‍ അവസാനമായി വേനല്‍ മഴ....കടുത്ത ചൂടില്‍ നിന്നും ഒരു ആശ്വാസം...ഉതിര്‍ന്നു വീഴുന്ന മഴത്തുള്ളികളെ കണ്ടിരിക്കാന്‍ എന്തുരസം. മഴയെ എനിക്കിഷ്ടമാണ്. മഴയുടെ സംഗീതം എനിക്കതിലേറെ ഇഷ്ടമാണ്. ചാഞ്ഞും ചെരിഞ്ഞു പെയ്യുന്ന മഴ.... ദാഹിച്ചു വരണ്ടിരിക്കുന്ന ഭൂമിദേവിയുടെ മനസ്സിനെ കുളിരണിയിക്കുന്ന മഴ..... അതിന്റെ നിര്‍വൃതിയില്‍ മണ്ണിന്റെ പുതുഗന്ധം..... എത്ര ശ്വസിച്ചാലും മതിവരാതെ....മഴയെ എനിക്കിഷ്ടമാണ്. ഇടമുറിയാതെ പെയ്യുന്ന ഇടവപാതി..... ആദ്യം നിഷ്കളങ്കമായ് പിന്നെ മഴയുടെ മുഖം മാറുന്നു... രൗദ്രഭാവത്തോടെ എന്തൊക്കയോ തകര്‍ക്കാനായി പെയ്യുന്നു...തിരുവാതിര ഞാറ്റുവേലയില്‍ തിരിമുറിയാതെ പെയ്യുന്ന മഴ... തുലാമാസത്തിലെ വൈകുന്നേരങ്ങളില്‍ പെയ്യാന്‍ തയ്യാറെടുക്കുന്നു.... അതിനു താളം പിടിക്കാന്‍ ഇടിയും മിന്നലും... സ്റ്റേജിലെ ലൈറ്റ് പോലെ ഇടയ്ക്ക് മിന്നല്‍ പിണരുകള്‍... തിമിര്‍ത്തു പെയ്യുന്ന മഴയില്‍ കളിയ്ക്കാന്‍ ഒരു മോഹം. പുരപ്പുറത്തു നിന്ന് വീണു ഒഴുകുന്ന വെള്ളത്തിലൂടെ കടലാസ്സുതോണി ഒഴുക്കിവിട്ടു കളിയ്ക്കാന്‍ ആഗ്രഹം.  മഴയില്‍ കുളിച്ചു നില്‍ക്കുന്ന പൂക്കളെ കാണാന്‍ എന്തു ഭംഗി... മഴത്തുള്ളിയുടെ ഭാരം പേറി നമ്ര ശിരസ്ക്കാരായി നില്‍ക്കുന്ന പൂക്കള്‍......മഴയ്ക്ക് ശേഷം മരം പെയ്യുന്നു....
അതിന്‍റെ ചുവട്ടില്‍ നിന്ന് നനയാന് ആഗ്രഹം.. പക്ഷെ അതിനു കഴിയില്ല...വല്ലപ്പോഴും പെയ്യുന്ന മഴയെ പ്രേതീക്ഷിച്ചിരിക്കുന്നു. മഴ പലര്‍ക്കും വേദനകള്‍ സമ്മാനിക്കുന്നു.... എന്നാലും മഴയെ എന്ക്കിഷ്ടമാണ്.